Skip to main content

The Day before Vacation




കുറെ നാളുകൾ ആയി അവളോട് ഒരു വാക്ക് സംസാരിക്കാൻ ശ്രമിക്കുന്നു. എപ്പോഴും മനസ്സിൽ ഒരു പേടി. എന്നെ കാണുമ്പോൾ അവളുടെ മുഖത്ത് പ്രകടമായ കണ്ടുകൊണ്ടിരുന്ന ആ ചെറു പുഞ്ചിരി എന്നോടുള്ള വെറുപ്പായി മാറുമോ എന്ന്.

അന്ന് ഞങ്ങളുടെ സ്കൂളിൽ ഓണാഘോഷം ആയിരുന്നു. സമയം വൈകുന്നേരം നാലു മണിക്ക് ശേഷം. ഉച്ചക്ക് ശേഷം നല്ലൊരു മഴ ഉണ്ടായിരുന്നു. മഴ പൂർണ്ണമായി മാറിയിരുന്നു. ചെറിയ തണുപ്പ് കലർന്ന ഒരു ഇളംകാറ്റിൽ മനസ്സ് ഉന്മേഷം നിറഞ്ഞത് ആയി മാറുന്നു. ഇനി പത്ത് ദിവസത്തേക്ക് ക്ലാസ്സ് ഉണ്ടാവില്ല. എല്ലാവരും സന്തോഷത്തിൽ ആണ്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും. മലയാള തനിമ തോന്നിക്കുന്ന പോലെ വസ്ത്രങ്ങൾ ധരിച്ച് സീനിയർ ചേച്ചിമാർ. മുണ്ടു മടക്കിക്കുത്തി സ്റ്റൈലിൽ നടക്കുന്ന കുറച്ചു ചേട്ടന്മാർ. കൊച്ചു കുട്ടികൾ വീട്ടിൽ പോകാൻ ആയി ബാഗും തൂകി ഓടുന്നു. ഒരു അവധി കാലത്തിന്റെ ആകാംക്ഷയിൽ ആണ് എല്ലാവരും.

സ്കൂളിന് മുന്നിൽ വലിയ ഒരു മരം ഉണ്ട്. മഴയെ തുടർന്ന് ഉണ്ടായ കാറ്റ് മൂലം അതിലെ ഇലകൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം അലങ്കരിച്ചിരിക്കുന്നു. പച്ച ഇലകളും പഴുത്ത ഇലകളും. ഒരു പൂക്കളം പോലെ. പൂക്കളത്തിന്റെ ഒത്ത നടുവിൽ നിലവിളക്ക് പോലെ ആ വലിയ മരം. മനോഹരമായ ഒരു കാഴ്ച തന്നെ.

അന്നത്തെ വിശേഷങ്ങളും അന്ന് നടന്ന രസകരമായ കാര്യങ്ങളും ചർച്ച ചെയ്ത് ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും സ്കൂളിന്റെ ഗേറ്റിനു സമീപം വട്ടം കൂടി നിൽക്കുകയായിരുന്നു. സ്കൂളിനെ ദിശയാക്കി ആണ് എന്റെ നിൽപ്പ്. അഞ്ച് മണിയുടെ ബസിന് ആണ് സാധാരണ ഞാൻ പോകാറ്, എന്നാൽ ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ഒരു അവധി കാലം അല്ലേ. ഓർമകളിൽ മധുരം നൽകുന്ന ദിവസങ്ങളിൽ ഒന്നായിരിക്കും ഇന്ന് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അഞ്ചരയുടെ ബസിന് പോയാൽ മതി എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. രസകരമായ ചർച്ച മുന്നോട്ട് തന്നെ പോയി.

ഓണാഘോഷം ആയതു കൊണ്ട് തന്നെ ചുറ്റും നിൽകുന്നവർ ആരും യൂണിഫോമിൽ അല്ല. മിക്കവരും തന്നെ ജുബ്ബയും മുണ്ടും ആണ്. സ്കൂളിന് സമീപം വീട് ഉള്ളവർ മുണ്ടു ഉടുത്ത് ആണ് നിൽപ്പ്. ബസിന് പോകേണ്ട ഞാൻ കുറച്ചു പേർ മുണ്ടു മാറ്റി ജീൻസ് ധരിച്ച് നില്കുന്നു. ജീൻസും ജുബ്ബയും ധരിച്ച് നിൽക്കുന്ന ഞങ്ങളെ കണ്ടാൽ ഏതോ മിമിക്സ് പരേഡ് കഴിഞ്ഞു വരുന്നത് ആണന്നെ പറയൂ. അങ്ങനെ ഒരു കമൻറ് ഞങ്ങളെ കണ്ടപ്പോ സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞിരുന്നു. എന്റേത് ഒരു നീല ജുബ്ബ ആണ്. കൈ വരെ മടക്കി വെച്ചിരിക്കുന്നു. ബസിൽ കേറി പോകേണ്ടത് കൊണ്ട് ഞാനും മുണ്ട് മാറ്റി ജീൻസ് ആക്കി.

സ്കൂളിന് ഉള്ളിലെ സ്റ്റെപ്പിൽ നിന്നും പച്ചയും വെള്ളയും കലർന്ന അനാർക്കലി ചുരിദാർ ധരിച്ച് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു. അവളെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കാണുമ്പോൾ എല്ലാം ഞാൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിക്കും അവൾ എനിക്ക് തിരിച്ചും. അവൾ എന്നത്തേക്കാളും സുന്ദരി ആയിരുന്നു ഇന്ന്. കണ്ണുകൾ എഴുതിയിട്ടുണ്ട്. ചുണ്ടിൽ ഇളം ചുവപ്പ് നിറം കലർന്നിട്ടുണ്ട്‌. ചെറിയ ഒരു ഹാൻഡ്ബാഗ് ആയിരുന്നു അവളുടെ കയ്യിൽ. അവൾ പതിയെ നടന്നു ഇറങ്ങുന്നു. കൂടെ ഉള്ള പെൺകുട്ടിയുമായി സംസാരിച്ചു കൊണ്ടാണ് അവൾ‌ വരുന്നത്. പ്രസന്നമായ മുഖം ആയിരുന്നു അവളുടേത്. സ്കൂളിന് വെളിയിൽ ഇറങ്ങിയതും അവർ അവിടെ നിന്നു. എന്തൊക്കെയോ തമ്മിൽ സംസാരിച്ചതിന് ശേഷം കൂടെ ഉണ്ടായിരുന്ന പെൺകുട്ടി മുന്നോട്ട് നടന്നു നീങ്ങി. അവള് ചുറ്റും വീക്ഷിച്ചു കൊണ്ട് അവിടെ നിന്നു.

ഇതാണ് സംസാരിക്കാൻ പറ്റിയ അവസരം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. അവിടെ നടന്ന ചർച്ചയിൽ നിന്നും ഞാൻ പിന്മാറി. ശ്രദ്ധ അവളിൽ തന്നെ. അവിടെ നിന്ന് കൊണ്ട് കണക്ക് കൂട്ടൽ തുടങ്ങി. എന്ത് പറഞ്ഞു സംസാരിക്കും. അവൾ കടുപ്പിച്ച് എന്തേലും തിരിച്ചു പറഞ്ഞാൽ ഞാൻ ചിലപ്പോ പതറി പോകും. ഒരു സൗഹൃദ സംഭാഷണം ആണ് ഏറ്റവും സേയ്ഫ് എന്ന് തോന്നി. ആദ്യമായി ആണ് സംസാരിക്കാൻ പോകുന്നത്. ഉള്ളിൽ പ്രണയം ഉള്ളപ്പോൾ ആണല്ലോ സൗഹൃദ സംഭാഷണത്തിൽ പോലും നമ്മൾ ഒരു തരം ഭയവും ടെൻഷനും അനുഭവിക്കുന്നത്. കുറേ നേരം അങ്ങനെ തന്നെ നിന്നു. കണ്ണ് ചിമ്മാതെ അവളെ തന്നെ നോക്കിക്കൊണ്ട്.

അവൾ എന്നെ ശ്രദ്ധിച്ചു. അപ്പൊൾ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ നിന്ന് പോയി. ചുറ്റും എല്ലാം നിശബ്ദം ആയി. എന്റെ ഹൃദയമിടപ്പ് വ്യക്തമായി കേൾക്കാം. പൊഴിഞ്ഞ് വീണ ഇലകൾ പതിയെ മാറുന്നതായി കാണാം. അവളുടെ മുടിയിഴകൾ കാറ്റിൽ തലോടുന്നു. അവളിലേക്ക് ഞാൻ പതിയെ നടന്നു നീങ്ങി. അവൾ അമ്പരന്നു നിന്നു. ഇങ്ങനെ ഒന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ നേർക്കു നേർ നിന്നു. കൂടുതൽ കൂടുതൽ അവളിലേക്ക് അടുക്കുമ്പോൾ അവളുടെ സൗന്ദര്യം കൂടി വന്നു.

"ഇന്ന് ഞാൻ ഇയാളുടെ ഡാൻസ് കണ്ടായിരുന്നു. നന്നായിരുന്നു."

അവളുടെ അമ്പരപ്പ് ചിരിയായി മാറി. അവൾ സന്തോഷത്തോടെ സ്വീകരിച്ചു, "ആണോ. Thank you"

സംഭാഷണം അവിടെ തീർന്നു പോകാതെ ഇരിക്കാൻ ഞാൻ തുടർന്നു "കുറേ നേരം ആയാലോ നിൽപ്പ് തുടങ്ങിയിട്ട്, പോകുന്നില്ലേ"

"അച്ഛൻ വിളിക്കാൻ വരും എന്നാ പറഞ്ഞേ. ഇപ്പൊ വരുവായിരിക്കും" നോക്കി നിന്നു മടുത്തത്തിന്റെ ക്ഷീണം അവളുടെ മുഖത്ത് പ്രകടമായി.

"പലപ്പോഴും കണ്ടിട്ടുണ്ട് ഇയാളെ ഇവിടെ, കണ്ട് പഴകിയത് കൊണ്ട് പേര് അറിയാൻ ഒരു ആകാംഷ"

"ദിവ്യ" അവൾ പ്രസന്നമായി തന്നെ മറുപടി പറഞ്ഞു. അതിനു ശേഷം അവൾ അതെ ചോദ്യം ആവർത്തിച്ചു. "ചേട്ടന്റെയോ"

"ജേക്കബ്"

അടുത്തതായി എന്തേലും ചോദിക്കുന്നതിനു മുമ്പ് തന്നെ അവളുടെ അച്ഛൻ സ്കൂട്ടറിൽ വന്നു. "അച്ഛൻ വന്നു, പോകുവാട്ടോ. Bye". അവൾ നടന്നു നീങ്ങി.

അവളോട് കൂടുതലായി ഒന്നും സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിൽ ഉണ്ടെങ്കിൽ തന്നെയും, അവളുടെ അടുത്ത് നിന്ന് ആദ്യമായി സംസാരിച്ചതിന്റെ സന്തോഷം മനസ്സിൽ ഉണ്ടായിരുന്നു. ഏതൊരു പ്രണയത്തിന്റെ തുടക്കം എടുത്തു പരിശോധിച്ച് നോക്കിയാലും ഇങ്ങനെ ഒക്കെ തന്നെ ആകും നടന്നിട്ടുടാവുക. ഇനിയുള്ള പത്ത് ദിവസത്തേക്ക് ഇത് തന്നെ ധാരാളം എന്ന് മനസ്സ് പറഞ്ഞു. ആ സംതൃപ്തിയോടെ ഞാൻ നടന്നു നീങ്ങി. മനസ്സിലൂടെ ആ നിമിഷം വീണ്ടും വീണ്ടും ആവർത്തിച്ചു കണ്ട് കൊണ്ടിരുന്നു. ചുണ്ടിൽ അത് പുഞ്ചിരി വിടർത്തി. അത് ഒരു നല്ല തുടക്കം ആയിരുന്നു.

Comments

Post a Comment

Popular posts from this blog

The Silver Coin

"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്. പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്. ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എ...

Lost in Thoughts

The only reason people lost in thoughts is because its unfamiliar territory. - Paul Fix ഞാൻ ഈ ഫോട്ടോ പകർത്തുന്നത് ഏകദേശം ഒരു വർഷം മുമ്പ് ആണ്. ഇദ്ദേഹം ആരാണോ എന്താണെന്നോ എനിക്ക് അറിഞ്ഞു കൂടാ. പക്ഷേ, അയാൾ എവിടെയോ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചിന്തകളിൽ മുഴുകി ഇരിക്കുകയാണ് അയാൾ. ചിന്തകളിൽ നിന്ന് സ്വപ്നങ്ങളിലേക്ക് അയാൾ പോലും അറിയാതെ വഴുതി പോകുന്നു. സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് അയാൾ. ആ വീഥിയിൽ എവിടെയോ അയാൾ ഒറ്റപ്പെടുന്നു. നാമെല്ലാം നമ്മുടെ സ്വപ്നങ്ങളിൽ സഞ്ചരിക്കുമ്പോൾ എവിടെയോ ഒറ്റപ്പെട്ട അവസ്ഥയാണ്. സ്വപ്നങ്ങൾ പൂ വിരിയുന്നത് ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആണ്. അപ്പൊൾ നമ്മൾ നമ്മുടെ പരിസരം മറക്കുന്നു, നാം ആയിരിക്കുന്ന അവസ്ഥ മറക്കുന്നു. ഏതോ ലോകത്തേക്ക് ആഴ്ന്നു ഇറങ്ങി പോകുന്നു. സ്വപ്നങ്ങളിൽ ജീവിക്കാൻ ആണ് പലർക്കും ഇഷ്ടം. അവിടെ നമ്മൾ തനിയെ ആണ്. നമ്മൾ ആഗ്രഹിക്കുന്നതും, നമ്മൾ തുറന്നു സംസാരിക്കുന്നതും അവിടെയാണ്. വീടും നാടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ നിലനിൽപിനായി ജീവിക്കുമ്പോൾ സ്വപ്നങ്ങളും ചിന്തകളും ആണ് നമ്മളെ പിടിച്ചു നിർത...