Skip to main content

Lift - Chapter I


"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്." 

"സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു.

"ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!" 

"സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും.

"ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!" 

"ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു.

ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളികുന്നു. അവയിൽ ചിലത് എന്നെയും കുളിർപ്പിക്കുന്നു. ആകാശത്തിൽ ചെറിയ മിന്നൽ വേരുകൾ ദൃശ്യമാകുന്നു. അവ അന്തരീക്ഷം മൊത്തമായി പ്രകാശിച്ചു കാണിക്കുന്നു. 

ഒരു പതിനഞ്ചു മിനിറ്റ് ആയി ഞാൻ ഇവിടെ നിൽക്കുന്നു. ഫോൺ എടുത്തു ഉണ്ണിചേട്ടനെ വിളിക്കുവാനായി തുടങ്ങി. പുറപെട്ടു കാണുവോ എന്ന് അറിയുവാൻ വേണ്ടി ആയിരുന്നു. അപ്പോഴാണ് അകലെ നിന്ന് ഒരു കാറിന്റെ ശബ്ദം കേൾക്കുന്നത്. ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി, അതൊരു അംബാസഡർ കാർ ആണെന്ന്. കോൾ പൂർത്തികരിച്ചില്ല. ഫോൺ പോക്കറ്റിലേക്ക് വെച്ചു. വലതു വശത്ത് നിന്നാണ് കാർ സമീപിക്കുന്നത്. ആ ദിശയിലേക്ക് നോക്കി നിന്നു. ഹെഡ്‌ലൈറ്റിന്റെ പ്രകാശം കടുപ്പം ഏറിയത് ആയിരുന്നു. കണ്ണുകൾ ചുളിഞ്ഞു. കാർ എനിക്ക് സമീപമായി നിർത്തി. 

കാറിന് ഉള്ളിലേക്ക് നോക്കി, പരിചയം ഇല്ലാത്ത മുഖം ആണ്. അത്ര ഇരുണ്ട നിറം അല്ലാത്ത ഒരാൾ. അത്യാവശ്യം വണ്ണം ഉണ്ട്. മുടിയും താടിയും എല്ലാം കുറ്റി ആയി നിർത്തിയിരിക്കുന്നു. ഒരു ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത്. കാറിന് കുറച്ചു കൂടി അടുത്തേക്ക് ഞാൻ നടന്നു. അയാൾ ചോദിച്ചു.

"എന്ന ചേട്ടാ ഇവിടെ നിൽക്കണേ..?"

"വണ്ടി ഒന്ന് പഞ്ചർ ആയതാ" 

"ചേട്ടൻ എങ്ങോട്ടേക്കാ..?"

ഉയർന്ന ശബ്ദത്തിൽ ഉള്ള സംസാരം ആയിരുന്നു അയാളുടേത്. അതിനാൽ തന്നെ അയാൾ ഒരു പാവം ആണെന്ന് തോന്നിച്ചു. 

"കപ്പേള വരെ..!"

"ആണോ..., എന്നാ കേറിക്കോ... ഞാൻ പള്ളിയിലേക്കാ."

"എന്നാ ഞാൻ വണ്ടി ഒന്ന് ഒതുക്കിവെക്കട്ടെ" അതും പറഞ്ഞ് ഞാൻ ബുള്ളറ്റ് പതുക്കെ തള്ളികൊണ്ട് മരത്തിന് സൈഡിൽ ഉള്ള ഷെഡിലേക്ക് കയറ്റിവെച്ചു. എന്നിട്ട് ഫോൺ എടുത്തു ഉണ്ണിചേട്ടനെ വിളിച്ചു. കാറിന് അടുത്തേക്ക് നടന്നു നീങ്ങി. ഉണ്ണിചേട്ടൻ കോൾ എടുത്തു.

"സാറേ... ദാ എത്താറായി..!"

"ഞാൻ ബുള്ളറ്റ് ദേ ഷെഡിലേക്ക് കയറ്റിവെച്ചിട്ടുണ്ട്. നാളെ രാവിലെ വന്നു എടുത്തോളാം."

"ശെരി സാറേ..." 

ഞാൻ കോൾ കട്ട് ചെയ്തു കൊണ്ട് കാറിന്റെ ഡോർ തുറന്നു. അകത്തേക്ക് കേറി ഇരുന്നു. അയാൾ കാർ മുന്നോട്ട് എടുത്തു. 

"ഇയാളെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ..!" ഒരു അന്വേഷണം എന്ന പോലെ ഞാൻ ചോദിച്ചു.

"കണ്ടു കാണാൻ വഴി ഇല്ല. ഞാൻ ഇവിടെ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ." അയാൾ നേരെ നോക്കി കൊണ്ട് മറുപടി പറഞ്ഞു.

ആകാംക്ഷ എന്ന പോലെ ഞാൻ തുടർന്നു "ഇവിടെ എന്താ പരിപാടി..?"

"ഞാൻ നമ്മുടെ വിജയൻ മുതലാളിയുടെ ഡ്രൈവറാ... ചന്ദ്രൻ"

"ഇൗ പതിരായിക്ക്‌ എവിടെ പോയതാ..?"

"മുതലാളിയുടെ മകൻ ബാംഗ്ലൂർ അല്ലേ, ചെക്കനെ ബസ് കേറ്റി വിടാൻ പോയതാ."

"ഹുംം..." 

അപ്പോഴാണ് അകലേ ഒരാൾ നിൽക്കുന്നത് കണ്ടത്. അയാൾ ലിഫ്റ്റ് ചോദിക്കുന്ന പോലെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

"ഇതാരാണാവോ..!" ചന്ദ്രൻ കാർ ഒതുക്കി.

അയാൾ കാറിന് സമീപത്തേക്ക് നടന്നു അടുത്തു. ഒരു കമ്പിളി പുതച്ചിരുന്നു അയാൾ. മുഖം പാതി മാത്രം വ്യക്തമായി കാണാം. ചന്ദ്രൻ അയാളോട് ചോദിച്ചു

"എങ്ങോട്ടാ..?"

അയാൾ തലക്ക് മീതെ പുതച്ചിരുന്ന കമ്പിളി മാറ്റി. ഒരു ചെറിയ മിന്നൽ വെളിച്ചം അന്തരീക്ഷത്തിൽ പ്രകാശിച്ചു. അയാളുടെ മുഖം വ്യക്തമായി. നല്ല പരിചിതമായ മുഖം. പെട്ടന്ന് മനസ്സിലേക്ക് രണ്ടു വർഷം മുമ്പ് നടന്ന ഒരു സംഭവം ഓടി വന്നു. ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസം. ആ കോടതി വിധി കാതിൽ മുഴങ്ങി കേട്ടു.

കൈകൾ വിയർക്കാൻ തുടങ്ങി. ഹൃദയമിടിപ്പ് കൂടി. ഒരിക്കലും തമ്മിൽ കണ്ടുമുട്ടേണ്ടി വരും എന്ന് ഒരിക്കലും ഓർത്തില്ല. ഇനി കണ്ടു മുട്ടിയാൽ തന്നെ അത് എന്റെ നല്ലതിന് അല്ല എന്ന് എനിക്ക് നിശ്ചയം ഉണ്ടായിരുന്നു. ഉള്ളിൽ ഭയം കൂടി വന്നു. ഞാൻ ഒരു നിമിഷത്തേക്ക് നിശ്ചലം ആയിപ്പോയി.

അയാൾ കാറിന് ഉള്ളിലേക്ക് നോക്കി കൊണ്ട് ചന്ദ്രനോട് മറുപടി പറഞ്ഞു "അടുത്ത ജംഗ്ഷൻ വരെ..."

"എന്നാ കേറിക്കോ... ഞങ്ങളും ആ വഴികാ..." ചന്ദ്രൻ മറുപടി പറഞ്ഞു. 

അയാൾ പുറകിലേ ഡോർ തുറന്നു കയറി. എനിക്ക് പുറകിൽ ആയി ആണ് അയാൾ ഇരിക്കുന്നത്. മഴ വീണ്ടും ആരംഭിച്ചു. നല്ല ശക്തിയേറിയ കാറ്റും മഴയും. കാർ പതുക്കെ മുന്നോട്ട് എടുത്തു. എന്തു ചെയ്യണം എന്ന് അറിയാതെ ഞാൻ ഭയന്നു.


 തുടരും.....

Comments

Post a Comment

Popular posts from this blog

പണ്ട്... പണ്ട്... പണ്ട്....

"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..." വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും. "എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..." "വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട" "ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..." "ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ" "നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..." ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തി

ഇരുട്ടിൽ അവൾക്കായി

ശ്വാസം ഉള്ളിലേക്ക് എടുക്കുവാനായി പ്രയാസപ്പെട്ടു അവൾ. കൈകൾ കോർത്ത് പിടിച്ച് കൊണ്ട് അവൾക്ക് അരികിൽ അവൻ ഇരുന്ന് കണ്ണുകളിലേക്ക് നിസ്സഹായനായി നോക്കി. നിശബ്ദത നിറഞ്ഞ മുറി. വെള്ള കുപ്പായം അണിഞ്ഞ നഴ്സുമാർ ഇടയ്ക്ക് വന്നു നോക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു നല്ല ശതമാനം അവർ ഇതിനോടകം കൈവിട്ടിരിക്കാം. അവൾക്ക് ചുറ്റും ജീവൻ നിലനിർത്താനായി ഒരുപാട് ഉപകരണങ്ങൾ. അതിൽ നിന്നും പുറപ്പെടുന്ന ശബ്ദം ഉള്ളിൽ ഭീതി നിറക്കുന്നു. അവളുടെ കരം നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അവൻ ചോദിച്ചു, "ഇതിന് വേണ്ടിയാണോ നമ്മൾ അടുത്തത്... ഇതിന് വേണ്ടിയാണോ നമ്മൾ പ്രണയിച്ചത്..." അവൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. നിസ്സഹാതയുടെ കണ്ണീർ ! അവൻ അവളുടെ കൈകൾ കോർത്ത് പിടിച്ച് അവളുടെ അരികിൽ തലച്ചായിച്ച് കിടന്നു, അവളെ തനിയെ വിടാതെ മുറുകെ പിടിച്ചുകൊണ്ട്. സുകുമാരൻ. പലിശക്കാരൻ ഔസേപ്പിൻ്റെ ഡ്രൈവറാണ്. ഔസേപ്പിൻ്റെ വലംകൈ പോലെ എപ്പോഴും കൂടെയുണ്ടാകും. ഒരിക്കൽ അംബാസഡർ കാറിൽ സുകുമാരനും ഔസേപ്പും കൂടി ടൗണിലെ കടയിലേക്ക് വരുമ്പോൾ ഒരു പെൺകുട്ടി വണ്ടിക്ക് കുറുകെ ചാടി. സുകുമാരൻ ബ്രേക്ക് പെട്ടെന്ന് പിടിച്ചതിനാൽ ഒര

Lift - Chapter II

 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു. "നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു. ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു. "അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?" "ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു.  "ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീ