Skip to main content

പണ്ട്... പണ്ട്... പണ്ട്....


"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..."

വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും.

"എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..."

"വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട"

"ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..."

"ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ"

"നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..."

ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തിയ ഒന്നാണ് കേട്ടോ. ഞാൻ ആഗ്രഹിക്കുന്നത് സമാധാനം ആണ്. ഗാന്ധിമാർഗ്ഗം!

"പണ്ട് ഇയാള് എന്നോട് ഒരു കഥ പറഞ്ഞത് ഓർക്കുന്നുണ്ടോ...?"

"ഹും..." 

ഒരു ദീർഘശ്വാസം !

ഒന്ന് ആലോചിച്ചു നോക്കേണ്ടിയിരിക്കുന്നു. എൻ്റെ കഥ ഭാവനയിൽ വിരിയുന്ന കഥകൾ ഒക്കെ ഇവളോട് പറയാറുണ്ട്. കഥ ഭാവന എന്ന് പറയുമ്പോൾ മനസിലായി കാണൂലോ. അൻറിയലിസ്റ്റിക് ആയിട്ടുള്ള കാര്യങ്ങൾ കുറച്ച് കൂടി റിയലിസ്റ്റിക് ആക്കി പറയും. അത് ഇത്ര വലിയ പ്രശ്നം ആണോ. എല്ലാം മനോഹരമായി തന്നെ ഇരിക്കട്ടെ. നമ്മുടെ ഭാവി, ഭൂതം, വർത്തമാനം.

"നീ ഏത് കഥയാ പറയണേ..."

"ഓ... ഇങ്ങേര്... അപ്പോ ഒരുപാട് ഉണ്ടല്ലേ..."

അവിടെയും ഞാൻ നിശബ്ദത പാലിച്ചു. കൂടെ ഒരു കള്ളച്ചിരിയും പാസ്സ് ആക്കി. 

"എന്തൊക്കെ ആയിരുന്നു... പട്ടുപാവാട ഒക്കെ ഇട്ടോണ്ട് അമ്പലത്തിലേക്ക് ഞാൻ കേറി പോണു... അപ്പോ എന്നെ കാണുന്നു... സൈക്കിൾ നിർത്തി എന്നെ തന്നെ നോക്കി നിൽക്കുന്നു... എന്തൊരു ബഡായി ആടോ... കേട്ടപ്പോ ഞാൻ ശരിക്കും വിശ്വസിച്ചു പോയി... ഇതൊക്കെ വലിയ കാര്യായിട്ട് അമ്മയോട് പറഞ്ഞപ്പോൾ അല്ലേ, അമ്മ കിടന്നു ചിരിയോട് ചിരി..."

എന്താ തട്ടത്തിൻ മറയത്തിൽ മാത്രേ അങ്ങനെ ഒക്കെ സംഭവിക്കൂ. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കില്ലേ...? ഏതായാലും അവളോട് ഞാൻ ഒന്നും പറയാൻ പോയില്ല. ചമ്മിയ മുഖത്തോടെ അവൾ പറഞ്ഞതൊക്കെ സമ്മതിച്ചു. 

പണ്ട്... പണ്ട്... പണ്ട്... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. അമ്പത് നോമ്പിൻ്റെ സമയം. എന്നും പള്ളിയിൽ വരുന്ന കുട്ടികൾക്ക് സമ്മാനം കിട്ടും എന്ന് അറിഞ്ഞൊണ്ട് ഞാനും രാവിലെ പള്ളിയിൽ പോകുവായിരുന്നു. ആ തണുപ്പത്ത് സൈക്കിൾ ചവിട്ടി പോകാൻ ഒരു പ്രത്യേക രസം തന്നെയാണ്. അന്ന് കൂട്ടുകാരോട് ഒക്കെ സംസാരിച്ചു പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോൾ അല്പം വൈകി പോയി. വീട്ടിൽ ചെന്നിട്ട് വേണം റെഡി ആയി സ്കൂളിൽ പോകാൻ. ഹീറോ സൈക്കിളിൽ പറ്റുന്ന അത്ര സ്പീഡിൽ പറന്നു.

അമ്പലത്തിന് മുന്നിൽ കൂടി ആണ് വീട്ടിലേക്ക് ഉള്ള വഴി. പോകും വഴിയാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. കോടമഞ്ഞ് പുതച്ച വഴിയിലൂടെ അവൾ നടന്നു വരുന്നു. ചുവപ്പ് നിറത്തിലുള്ള പട്ടുപാവാടയും ധരിച്ച് അവൾ. വഴിയരികിലെ പച്ചപ്പ് അവളെ കൂടുതൽ മനോഹരിയാക്കി. അവളിൽ എൻ്റെ കണ്ണുകൾ ഉടക്കി. ചുറ്റും ഉള്ളത് എല്ലാം നിശ്ചലം ആയി ഒരു നിമിഷത്തേക്ക്. 

പക്ഷേ ഹീറോ സൈക്കിൾ എവിടെയോ ചെന്ന് ഇടിച്ചു കയറി. അന്ന് സൈക്കിളിൽ നിന്ന് വീണ് കയ്യിലെ തൊലി പോയത് മിച്ചം. ഏതായാലും അന്ന് അമ്പലത്തിന് മുമ്പിൽ വെച്ച് കണ്ട ആ സുന്ദരി പെണ്ണിനെ ഒരിക്കൽ കൂടി കാണുവാൻ ആയി ഞാൻ കൊതിച്ചു. 

വർഷങ്ങൾ കഴിഞ്ഞു. ഞാൻ ആഗ്രഹിച്ച പോലെ, അന്ന് കണ്ട ആ സുന്ദരി, എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. തീർത്തും അവിചാരിതമായി തന്നെ ഞങ്ങൾ കണ്ടുമുട്ടി. അത് സൗഹൃദം ആയി. പ്രണയം ആയി. ഒടുവിൽ അവൾ എൻ്റെ ജീവിതസഖിയായി.

Comments

Popular posts from this blog

The Silver Coin

"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്. പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്. ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എ...

The Day before Vacation

കുറെ നാളുകൾ ആയി അവളോട് ഒരു വാക്ക് സംസാരിക്കാൻ ശ്രമിക്കുന്നു. എപ്പോഴും മനസ്സിൽ ഒരു പേടി. എന്നെ കാണുമ്പോൾ അവളുടെ മുഖത്ത് പ്രകടമായ കണ്ടുകൊണ്ടിരുന്ന ആ ചെറു പുഞ്ചിരി എന്നോടുള്ള വെറുപ്പായി മാറുമോ എന്ന്. അന്ന് ഞങ്ങളുടെ സ്കൂളിൽ ഓണാഘോഷം ആയിരുന്നു. സമയം വൈകുന്നേരം നാലു മണിക്ക് ശേഷം. ഉച്ചക്ക് ശേഷം നല്ലൊരു മഴ ഉണ്ടായിരുന്നു. മഴ പൂർണ്ണമായി മാറിയിരുന്നു. ചെറിയ തണുപ്പ് കലർന്ന ഒരു ഇളംകാറ്റിൽ മനസ്സ് ഉന്മേഷം നിറഞ്ഞത് ആയി മാറുന്നു. ഇനി പത്ത് ദിവസത്തേക്ക് ക്ലാസ്സ് ഉണ്ടാവില്ല. എല്ലാവരും സന്തോഷത്തിൽ ആണ്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും. മലയാള തനിമ തോന്നിക്കുന്ന പോലെ വസ്ത്രങ്ങൾ ധരിച്ച് സീനിയർ ചേച്ചിമാർ. മുണ്ടു മടക്കിക്കുത്തി സ്റ്റൈലിൽ നടക്കുന്ന കുറച്ചു ചേട്ടന്മാർ. കൊച്ചു കുട്ടികൾ വീട്ടിൽ പോകാൻ ആയി ബാഗും തൂകി ഓടുന്നു. ഒരു അവധി കാലത്തിന്റെ ആകാംക്ഷയിൽ ആണ് എല്ലാവരും. സ്കൂളിന് മുന്നിൽ വലിയ ഒരു മരം ഉണ്ട്. മഴയെ തുടർന്ന് ഉണ്ടായ കാറ്റ് മൂലം അതിലെ ഇലകൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം അലങ്കരിച്ചിരിക്കുന്നു. പച്ച ഇലകളും പഴുത്ത ഇലകളും. ഒരു പൂക്കളം പോലെ. പൂക്കളത്തിന്റെ ഒത്ത നടുവിൽ നിലവിളക്ക് പോലെ ആ വ...

Lost in Thoughts

The only reason people lost in thoughts is because its unfamiliar territory. - Paul Fix ഞാൻ ഈ ഫോട്ടോ പകർത്തുന്നത് ഏകദേശം ഒരു വർഷം മുമ്പ് ആണ്. ഇദ്ദേഹം ആരാണോ എന്താണെന്നോ എനിക്ക് അറിഞ്ഞു കൂടാ. പക്ഷേ, അയാൾ എവിടെയോ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചിന്തകളിൽ മുഴുകി ഇരിക്കുകയാണ് അയാൾ. ചിന്തകളിൽ നിന്ന് സ്വപ്നങ്ങളിലേക്ക് അയാൾ പോലും അറിയാതെ വഴുതി പോകുന്നു. സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് അയാൾ. ആ വീഥിയിൽ എവിടെയോ അയാൾ ഒറ്റപ്പെടുന്നു. നാമെല്ലാം നമ്മുടെ സ്വപ്നങ്ങളിൽ സഞ്ചരിക്കുമ്പോൾ എവിടെയോ ഒറ്റപ്പെട്ട അവസ്ഥയാണ്. സ്വപ്നങ്ങൾ പൂ വിരിയുന്നത് ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആണ്. അപ്പൊൾ നമ്മൾ നമ്മുടെ പരിസരം മറക്കുന്നു, നാം ആയിരിക്കുന്ന അവസ്ഥ മറക്കുന്നു. ഏതോ ലോകത്തേക്ക് ആഴ്ന്നു ഇറങ്ങി പോകുന്നു. സ്വപ്നങ്ങളിൽ ജീവിക്കാൻ ആണ് പലർക്കും ഇഷ്ടം. അവിടെ നമ്മൾ തനിയെ ആണ്. നമ്മൾ ആഗ്രഹിക്കുന്നതും, നമ്മൾ തുറന്നു സംസാരിക്കുന്നതും അവിടെയാണ്. വീടും നാടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ നിലനിൽപിനായി ജീവിക്കുമ്പോൾ സ്വപ്നങ്ങളും ചിന്തകളും ആണ് നമ്മളെ പിടിച്ചു നിർത...