Skip to main content

The Silver Coin



"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്.

പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്.

ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എടുത്തു താഴേക്ക് വയ്ക്കും, ബസ് എടുക്കുന്നതിന് മുമ്പ്, ബാഗിൽ ഉള്ള കുഞ്ഞി കള്ളി മുഴുവൻ തപ്പി നോക്കും. ഇതെല്ലാം ശ്രദ്ധിച്ച് ഒരു അപ്പൂപ്പൻ കമ്പിയോട് ചേർന്നുള്ള സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. ബാഗ് തോളിൽ വെച്ചതും ബസ് മുന്നിലേക്ക് കുതിച്ചു.

സിനിമയിൽ ഒക്കെ കാണുന്ന പോലെ, ഒരു നായികയുടെ പുറകിലേക്ക് കുതിച്ചു വീഴുന്നു, ചുറ്റും എല്ലാം നിശബ്ദം ആകുന്നു, പ്രപഞ്ചം മുഴുവൻ അവർക്ക് വേണ്ടി നിശ്ചലം ആകുന്നു, അവർ കണ്ണും കണ്ണും നോക്കി നില്കുന്നു, അങ്ങനെ ഒന്നും ഇവിടെ ഉണ്ടാവില്ല. അതിനുള്ള പക്വത കൊച്ചു ജേക്കബിന് ആ പ്രായത്തിൽ ഉള്ളതായി എനിക്ക് തോന്നുന്നില്ല. സംഭവിച്ചത് എന്താണെന്ന് വെച്ചാൽ, ബസിന് ഒപ്പം തന്നെ അവനും കുതിച്ചു. ഒരു ആറാം ക്ലാസുകാരന്റെ ബാഗിലെ ഭാരം എത്രയുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ബാഗും അവനും കിടക്കുന്നു ബസിന്റെ ഒത്ത നടുക്ക്.

സംഭവം തമാശ ആയിരുന്നേലും ആ വീഴ്ചയിൽ നല്ല പോലെ വേദനിച്ചു. മുട്ട് കുത്തി ആണ് വീണത്. എവിടെയോ മൂർച്ച ഉള്ളതിൽ മുട്ട്‌ കുത്തി ആണ് വീണത്. അങ്ങനെ ആറ്റ് നോറ്റ് കിട്ടിയ പന്റിന്റെ മുട്ടിൽ വീണു ഒരു ചെറിയ കീറൽ. ആറാം ക്ലാസ്സിൽ എത്തിയാൽ നിക്കറ് മാറ്റി പാന്റ്‌ ആക്കാം. വലിയ ചേട്ടൻ ആയി എന്നതിന്റെ ആദ്യ ലക്ഷണം അതാണല്ലോ. കുറേ വാശി പിടിച്ച് കിട്ടിയതാണ്. ഇൗ കീറൽ എങ്ങനെ മമ്മിയെ പറഞ്ഞു മനസ്സിലാക്കും എന്നായി അടുത്ത ടെൻഷൻ. പേടിച്ചിട്ട് കണ്ണ് നിറയാൻ തുടങ്ങി. കരയണ്ട എന്നുണ്ട്, പക്ഷേ എല്ലാം കൊണ്ടും തകർന്നു ഇരിക്കുന്ന സമയം ആണ്. അപ്പൂപ്പന്റെ സീറ്റിൽ കൂടെ ഉണ്ടായിരുന്ന ആൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി, ഞാൻ ആ സീറ്റിൽ ഇരുന്നു. ഇനിയും വീഴാതിരിക്കാൻ ആ കമ്പിയിൽ തൂങ്ങി പിടിച്ചാണ് ഇരിക്കുന്നത്.

ഞാൻ ആലോചിച്ചു. രാവിലെ മുതൽ ഉള്ള കാര്യങ്ങൾ. രാവിലെ മമ്മി പൈസ തന്നപ്പോ ചോറ്റുപാത്രം വെക്കുന്ന കള്ളിയുടെ അകത്തെ കള്ളിയിൽ ആണ് വെച്ചത്. രാവിലെ വാനിൽ ആണ് വന്നത്, അപ്പോഴൊക്കെ പൈസ ബാഗിൽ ഉണ്ട്. സ്കൂളിൽ വെച്ച് ബാഗ് ടേബിളിന്റെ അടിയിൽ ആണ് വെച്ചത്. പൈസ പോകാതിരിക്കാൻ ഇന്റർവെൽ സമയത്തും ലഞ്ച് ബ്രേക്ക് സമയത്തും എല്ലാം കൂടെ കൂടെ നോക്കുന്നുണ്ടായിരുന്നു. ഉണ്ട്. അപ്പോഴൊക്കെ സുരക്ഷിതമായി തന്നെ ഉണ്ട്. ഉച്ചക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ക്ലാസ്സ് വിടും എന്ന് അറിയിച്ചത് കൊണ്ടാണ് ബസിന് പോകാൻ തീരുമാനിച്ചത്. ആദ്യ യാത്ര ആയതു കൊണ്ട് തന്നെ നല്ല ആകാംക്ഷയിൽ ആണ്. പക്ഷേ എവിടെ നിന്നാണ് ബസ് കേറേണ്ടത് എന്ന് പോലും നിശ്ചയം ഇല്ല. ക്ലാസ്സിൽ സൈക്കിളിന് വരുന്ന ഒരുത്തൻ ഉണ്ടായിരുന്നു. അഞ്ച് രൂപയുടെ സിപ്-അപ് ആയിരുന്നു അവൻ ആവശ്യപ്പെട്ടത്. അതിനിപ്പോ എന്താ ഇരുപത്തിയഞ്ച് രൂപ അധികം അല്ലേ കയ്യിൽ ഉള്ളത്.

ക്ലാസ്സ് കഴിഞ്ഞതിനു ശേഷം അവന്റെ സൈക്കിളിൽ പുറകിൽ ഇരുന്നു പോകുവാണ്. ഏതു വഴിയാണ് പോകുന്നത് എന്നൊരു നിശ്ചയം ഇല്ല. കുറേ കയ്യറ്റം ഒക്കെ ഉണ്ടായിരുന്നു. ആ കയറ്റം എല്ലാം അവൻ എന്നോട് സൈക്കിൾ തള്ളുവാൻ ആവശ്യപെട്ടു. ബസിൽ പോവുക എന്നത് എന്റെ ആവശ്യം ആയതു കൊണ്ട് അവൻ ആവശ്യപ്പെട്ടത് പോലെ കയറ്റത്തിൽ എല്ലാം സൈക്കിൾ ഞാൻ തള്ളി കൊടുത്തു. അതിനിടയിൽ അവൻ ഒരു ബേക്കറിയുടെ മുമ്പിൽ നിർത്തി. ഞാൻ ബാഗ് തുറന്നു ഇരുപത് രൂപ കൊടുത്തു.

"എനിക്കും കൂടി വേണം. നീ രണ്ടെണ്ണം വാങ്ങിച്ചോ"

കണക്ക് കൂട്ടി. അഞ്ച് രൂപ ഒരെണ്ണം, അപ്പൊൾ രണ്ട് സിപ് - അപ് പത്ത് രൂപ. ഇരുപത് രൂപയിൽ നിന്നു പത്ത് രൂപ ബാക്കി. ബാഗ് സൈക്കിളിന്റെ പുറത്ത് വെച്ച് ആ കുഞ്ഞികള്ളിലേക്ക് വെച്ചു. ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി സൈക്കിൾ നീങ്ങി തുടങ്ങി. ബസ് സ്റ്റോപ്പിൽ എത്തി. അവിടെ ഇഷ്ടം പോലെ ബസ്. ഏതു ബസിൽ ആണ് പോകേണ്ടത് എന്ന് അടുത്ത സംശയം. എന്നും കാണുന്ന ബസ് ആയതിനാൽ ബസിന്റെ കളറും പേരും ഓർമ ഉണ്ട്. ബോർഡ് ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ. ചുവപ്പ് നിറത്തിൽ ഉള്ള ബസ് ആദ്യം അന്വേഷിച്ചു. അത് നോക്കി നടക്കുമ്പോൾ ആണ് അവിടെ ഇഷ്ടം പോലെ മുട്ടായി കടകൾ ശ്രദ്ധിച്ചത്. ചില്ല് പെട്ടിയിൽ ഇഷ്ടം പോലെ മുട്ടായികൾ. ക്രീം നിറച്ച ഒരു കേക്ക് കണ്ണിൽ പെട്ടു. കാണാൻ നല്ല ഭംഗി. ആ കേക്ക് കുറേ നേരം നോക്കി നിന്നു വെള്ളം ഇറക്കി.

മുട്ടായി ഭരണി കൊണ്ട് ആ ചേട്ടന്റെ മുഖം മറച്ചിരുന്നു. എത്തി വലിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു "ചേട്ടാ, ഇതിന് എത്രയാ"

"എത്രയണം വേണം" കടുപ്പിച്ച് കൊണ്ട് അയാൾ

ഇയാള് എന്തിനാ ഒരു കാര്യവും ഇല്ലാതെ ദേഷ്യപെടുന്നത് എന്ന് ഞാൻ ഓർത്തു പോയി.

"ഒരെണ്ണം മതി"

"ഇപ്പൊ കഴിക്കാനോ അതോ പാർസലോ" അയാൾ അടുത്ത ചോദ്യവുമായി വന്നു

"ഇപ്പൊ" അടുത്ത ചോദ്യം ഉണ്ടോ എന്ന മട്ടിൽ അവിടെ നിന്നു.

അയാൾ പറഞ്ഞ മറ്റൊരു വാക്ക് ശരിക്കും എന്നെ ആകർഷിച്ചു. "പാർസൽ" വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. നല്ല രസം ഉള്ള വാക്ക് "പാർസൽ"

കേക്ക് പ്ലേറ്റിൽ എടുത്തു കൊണ്ടിരുന്നു. അപ്പോഴാണ് ഓർത്തത് ഞാൻ ചോദിച്ചതിന് മറുപടി ഇത് വരെ കിട്ടിയില്ല എന്ന്.

കാൽ വിരലുകൾ കുത്തി പൊങ്ങി നിന്ന് വീണ്ടും ആവർത്തിച്ചു "ചേട്ടാ, എത്രയാ"

പ്ലേറ്റിലേക്ക് കേക്ക് വെച്ച് കൊണ്ട് തന്നെ അയാൾ മറുപടി പറഞ്ഞു "പതിനഞ്ച്".

"പതിനഞ്ചോ, ആകെ ഉള്ളത് പതിനഞ്ച് രൂപ. എന്നാലും സാരമില്ല, ഒരു രൂപ അല്ലേ ബസ് ചാർജ്" മനസ്സിൽ പറഞ്ഞു.

ഒരു ചെറിയ പ്ലേറ്റിൽ കേക്കും ഒരു ചെറിയ സ്പൂൺ സൈഡിൽ വെച്ച് എനിക്ക് നേരെ നീട്ടി. കൊതിയോടെ അത് കൈനീട്ടി മേടിച്ചു. കേക്കിൽ നിന്ന് കണ്ണ് എടുക്കാതെ, ഒരു സൈഡിൽ നിന്ന് പതുക്കെ പതുക്കെ സ്പൂൺ കൊണ്ട് കഴിച്ചു കൊണ്ടിരുന്നു. അതിന്റെ മധുരം അത്ര മധുരം ഏറിയത് ആയിരുന്നു. ചുണ്ടിന് സൈഡിൽ ഒക്കെ അതിന്റെ ക്രീം പറ്റി പിടിച്ചു. പെട്ടന്ന് കഴിച്ചു തീർത്ത് ബാഗിൽ നിന്ന് പൈസ എടുത്ത് അയാൾക്ക് നേരെ നീട്ടി. അപ്പോഴും പുള്ളിയുടെ മുഖം കടുപ്പിച്ച് തന്നെ.

ബാഗ് തോളിൽ ഇട്ടതും ഒരു ചുവന്ന ബസ് ശ്രദ്ധിച്ചു. "അതേ പേര് ഇത് തന്നെ" മനസ്സിൽ ഉറപ്പിച്ചു. ബസ് കണ്ടതും ആ ബാഗും തൂക്കി ഞാൻ ഓടി. ചാടി കേറി ബസ്സിലേക്ക്.

"ആ ഒരു രൂപ ബാഗിൽ തന്നെ ഉണ്ടല്ലോ" മനസ്സിൽ പറഞ്ഞു. കമ്പിൽ പിടിച്ച പിടി വിടാതെ ബാഗ് തുറന്നു. ആ കുഞ്ഞികള്ളിയിൽ കുറേ നോക്കി കണ്ടില്ല. ചോറ്റുപാത്രം പുറത്ത് എടുത്തു. അതും പിടിച്ച് കൊണ്ട് നോക്കുക അത്ര എളുപ്പം അല്ല. കാൽ മുട്ടുകൾക്ക് നടുവിൽ സപ്പോർട്ട് ചെയ്ത് ചോറ്റുപാത്രം വെച്ചു. ബാഗ് തുറന്നു ശരികും നോക്കി.

ഒരു ഇരുട്ട് പോലെ ആണ് ഉള്ളിൽ. ഞാൻ ഇറങ്ങേണ്ട സ്റ്റോപ്പ് അടുക്കറായി. നെഞ്ചിടിപ്പ് കൂടി വരുന്നു. ഇറങ്ങുമ്പോൾ പൈസ കൊടുത്തില്ലങ്കിൽ അയാൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് വേവലാതി ആയി. നിരാശയോടെ നിൽക്കുമ്പോൾ ചെറിയ ഒരു വെള്ളി പ്രകാശം അകത്ത് നിന്ന് കണ്ടു. എന്താണെന്ന് അറിയാൻ കൈ കടത്തി നോക്കി. കട്ടി ഉള്ള എന്തോ ആണ്. മനസ്സ് തെളിഞ്ഞു. ഇത്രേം നേരം ആവലാതി ഉണ്ടാക്കിയ ആ ഒരു രൂപ. നിധി കിട്ടിയ പോലെ ഞാൻ സന്തോഷിച്ചു. അത് കയ്യിൽ വെച്ച് കൊണ്ട് പിന്നെയും പിന്നെയും അതിനെ തന്നെ നോക്കി. പെട്ടന്ന് കണ്ടക്ടർ ഞാൻ ഇറങ്ങേണ്ട സ്റ്റോപ്പ് വിളിച്ചു പറഞ്ഞു. ആ ഒരു രൂപ കയ്യിൽ പിടിച്ചു കൊണ്ട് ചോറ്റുപാത്രം ബാഗിലേക്ക് എടുത്തു വെച്ചു. കള്ളി അടക്കുവാൻ ഉള്ള സമയം കിട്ടിയില്ല. ബസിൽ നിന്ന് ചാടി ഇറങ്ങി. കയ്യിൽ ഉള്ള ഒരു രൂപ കൊടുത്തിട്ട് ഞാൻ നടന്നു. അത്രേം നേരം ടെൻഷൻ അടിച്ചത് ഓർത്തു എനിക്ക് തന്നെ ചിരി തോന്നി. അപ്പോഴാണ് മുട്ടിൽ എന്തോ വേദന. മുട്ടിൽ തൊട്ടു നോക്കിയപ്പോൾ ആണ് പാന്റിന്റെ മുട്ട് കീറിയത് ഓർമ വന്നത്. അത് വരെ ചിരിച്ചു ഇരുന്ന മുഖം വാടി. മമ്മിയോട് എന്ത് പറയും എന്ന് ഓർത്തു. "മര്യാദക്ക് ആ വാനിൽ തന്നെ വന്നാ മതിയായിരുന്നു" സ്വയം കുറ്റപ്പെടുത്തി വീട്ടിലേക്ക് നടന്നു.

Comments

Post a Comment

Popular posts from this blog

Lift - Chapter II

 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു. "നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു. ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു. "അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?" "ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു.  "ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീ

പണ്ട്... പണ്ട്... പണ്ട്....

"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..." വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും. "എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..." "വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട" "ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..." "ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ" "നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..." ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തി

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ