Skip to main content

Platform No.3



"എനിക്ക് ഒരു കഥ പറഞ്ഞു തന്നിട്ട് എത്ര നാളായി. ഒരു കഥ പറയുവോ, കേൾക്കാൻ കൊതിയാകുന്നു" അവൾ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു. ഉള്ളിന്റെ ഉള്ളിൽ വിങ്ങിപ്പോട്ടുന്നത് അവളുടെ പുഞ്ചിരിയിൽ വ്യക്തമാക്കി.

തിരക്ക് കുറഞ്ഞ റയിൽവേ സ്റ്റേഷൻ. പ്ലാറ്റ്ഫോം 3-ൽ ഞാനും ദിവ്യയും. ഞങ്ങൾക്ക് മുന്നിലൂടെ ഒരുപാട് ആളുകൾ അങ്ങോടും ഇങ്ങോടും പോകുന്നു. ഞങ്ങൾ ഏതോ മായാലോകത്ത് എന്ന പോലെ വിദൂരതയിലേക്ക് നോക്കി നിന്നു. കണ്ണുനീർ വറ്റിയ കണ്ണുകൾ. വിളറിയ മുഖം. ഒരു ബാഗിന് ഇരു വശത്തായിട്ട് ഞങ്ങൾ. ബാഗിന്റെ പുറത്ത് ഞങ്ങൾ കൈകൾ കോർത്ത് പിടിച്ചിട്ടുണ്ട്. ഇനി ഒരു അൽപ നേരം കൂടി. നെയ്ത സ്വപ്നങ്ങൾ എല്ലാം വീട്ടുകാർക്ക് വേണ്ടി ത്യജിക്കാൻ രണ്ട് പേരും മനസ്സ് കൊണ്ട് തയ്യാറെടുക്കുന്നു.

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! " അനൗൺസ്മെന്റ് തുടർന്നു. ട്രെയിൻ വരാൻ സമയം ആയി. 

"ജേക്കബേ" ദിവ്യ ഇടറിയ ശബ്ദത്തിൽ വിളിച്ചു.

മായാലോകത്ത് നിന്ന് വിട വാങ്ങി. അവൾക്ക് നേരെ നോക്കി. അവളുടെ കണ്ണുകളിലേക്ക്. കൈകൾ മുറുകി. 

"ഹും..." ഒരു ദീർഘശ്വാസം. അവളുടെ കോർത്തുപിടിച്ച കൈകളിലേക്ക് നോക്കി. 

"പറയാം" 

"ഒരിടത്ത് ഒരിടത്ത് ഒരു മുയലും ഒരു സിംഹവും ഉണ്ടായിരുന്നു...."

ഞാൻ പറയുന്നത് അവൾ‌ ശ്രദ്ധയോടെ കേട്ടു ഇരുന്നു. 

"അവർ നല്ല സ്നേഹത്തിൽ ആയിരുന്നു." ദിവ്യ ചിരിച്ചു കൊണ്ട് ഇടപെട്ടു "നമ്മളെ പോലെ, അല്ലേ".

"അതേ" അവളെ നോക്കി ഞാൻ പറഞ്ഞു.

"ഹും... എന്നിട്ട്..."

 "ആ കാട്ടിൽ ഉള്ള എല്ലാവർക്കും അസൂയ തോന്നുമായിരുന്നു അവരുടെ സ്നേഹം കണ്ട്. വളരെ വിചിത്രമായി നോക്കി കണ്ടു എല്ലാവരും."

ദിവ്യ ചോദിച്ചു "അതെന്താ..?"

"ഒരു കൗതുക കാഴ്ച ആയിരുന്നു അത്. സിംഹങ്ങൾ പൊതുവേ മുയലിനെ ഇരയായി ആണ് കണ്ടിരുന്നത്"

"എന്നിട്ട് എന്ത് സംഭവിച്ചു"

ഞാൻ തുടർന്നു "ഒരു ദിവസം അച്ഛൻ മുയൽ ഇവരെ രണ്ട് പേരെയും ഒരുമിച്ച് കണ്ടു. അച്ഛൻ മുയലിന് ദേഷ്യവും പേടിയും ഒരുമിച്ച് വന്നു. അച്ഛൻ മുയൽ ഓടി മാളത്തിലേക്ക് പോയി. അമ്മ മുയലിനോട് കാര്യം പറഞ്ഞു. അവർക്ക് ആകെ വേവലാതി. മുയലമ്മ പെട്ടന്ന് മാളത്തിലേക്ക് കേറി വന്നു. അച്ഛൻ മുയൽ ഒരുപാട് ദേഷ്യപ്പെട്ടു. ഒരുപാട് ഉപദ്രവിച്ചു. അച്ഛൻ മുയൽ പറഞ്ഞു. 'നമ്മളും സിംഹങ്ങളും ഒത്തു പോകില്ല. അവർ നമ്മളെ ശത്രുക്കളായ കാണുന്നേ. അവർക്ക് ഉള്ള ആഹാരം, അത്രേ ഉള്ളൂ നമ്മൾ'. പാവം മുയലമ്മ പൊട്ടിക്കരഞ്ഞു. മുയലമ്മ കരഞ്ഞു കരഞ്ഞു പറഞ്ഞു. 'എനിക്ക് സിംഹച്ചാരെ ഒരുപാട് ഇഷ്ടമാണ്... സിംഹച്ചാർക്ക്‌ എന്നെയും... ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നു. അച്ഛനും അമ്മയും ഞങ്ങളെ അനുഗ്രഹിക്കണം'. അച്ഛൻ മുയൽ പിന്നെയും ഒരുപാട് ദേഷ്യപ്പെട്ടു. പാവം മുയലമ്മ കരഞ്ഞു കൊണ്ട് മാളത്തിൽ നിന്ന് പുറത്തേക്ക് വന്നു."

"പാവം മുയലമ്മ..." ദിവ്യയുടെ മുഖം ദുഃഖപൂരിതമായി. "എന്നിട്ട്..."

"ഇതെല്ലാം കേട്ടുകൊണ്ട് വെളിയിൽ സിംഹച്ചാര് ഇരിപ്പുണ്ടായിരുന്നു. മുയലമ്മേടെ സങ്കടം കണ്ടു സിംഹച്ചാർക്ക് ഒരുപാട് വിഷമം തോന്നി. മുയലമ്മ ഓടി വന്നു സിംഹച്ചാരേ കെട്ടിപിടിച്ചു. കെട്ടിപിടിച്ചു കൊണ്ട് മുയലമ്മ കരഞ്ഞു. മുയലമ്മേടെ പുറത്ത് തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു. കുറേ നേരം അവർ അങ്ങനെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സിംഹച്ചാര് മുയലമ്മേടെ രണ്ട് തോളിൽ പിടിച്ചു കൊണ്ട് കണ്ണിൽ നോക്കി പറഞ്ഞു 'ഈ കണ്ണുകൾ ഇനി നിറയാൻ പാടില്ല. ഈ കാട് നമ്മുക്ക് കൂടി അവകാശപ്പെട്ടത് ആണ്. നമ്മൾ ആഗ്രഹിക്കുന്നത് പോലെ നമ്മൾ ജീവികും. ഞാൻ ജീവിച്ചു വളർന്ന സാഹചര്യത്തിൽ നീ തുടരണം എന്ന് ഞാൻ പറയില്ല. നിന്റെ ഇഷ്ടങ്ങളെ ഞാൻ മാനിക്കുന്നു. ഒരു കൊച്ചു മാളം കെട്ടി, അവിടെ നമ്മൾ മാത്രം. മനോഹരമായ ഒരു ജീവിതം എന്റെ കൂടെ തുടങ്ങാൻ നിനക്ക് സമ്മതമാണോ...' "

സിംഹച്ചാരുടെ മാത്രമല്ല എന്റെ കൂടെ വാക്കുകൾ കൂടി ആയിരുന്നു അത്. അവൾ പ്രതികരിച്ചില്ല.

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! " അനൗൺസ്മെന്റ് തുടർന്നു.

 ട്രെയിൻ അപ്പോഴേക്കും വന്നു. ഞാൻ അവളുടെ കണ്ണുകളിൽ നോക്കി തന്നെ ഇരുന്നു. ട്രെയിനിൽ കയറാൻ ആയി ആളുകൾ ചുറ്റും ഓടുന്നു. ട്രെയിനിന്റെ ശബ്ദം. സാധനങ്ങൾ വിൽകാൻ നടക്കുന്നവരുടെ ശബ്ദങ്ങൾ. ട്രെയിനിൽ കയറാൻ ആയി വെപ്രാളപ്പെടുന്ന ആളുകളുടെ ശബ്ദം. ആകെ മൊത്തം ഒരു കോലാഹലം.
 ഈ തിരക്ക് ഒട്ടും തന്നെ എന്നെ ബാധിക്കാതെ അവളുടെ കണ്ണുകൾ നോക്കി തന്നെ ഇരുന്നു. അവളുടെ സമ്മതത്തിനായി. അവൾ അസ്വസ്ഥയായി. അവൾ കോർത്ത കൈകൾ മാറ്റി. ബാഗ് എടുത്ത് ട്രെയിനിന് അടുത്തേക്ക് നീങ്ങി. നടന്നു നീങ്ങിയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു ഞാൻ നിർത്തി. 

"ദിവ്യ..."

അവളുടെ കയ്യിൽ നിന്നും ബാഗ് താഴേക്ക് വീണു. ഒരു നിമിഷം അവൾ അങ്ങനെ നിന്നു. അവൾ തിരിഞ്ഞു നിന്ന് എന്നെ കെട്ടിപിടിച്ചു. കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി.

ഒരു സമ്മതം ആണ് അവൾ അറിയിച്ചത്. പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ തോളിൽ തല ചായിച്ചു, കണ്ണീരിൽ കുതിർത്ത ഒരു ചെറുപുഞ്ചിരിയോടെ. 

Comments

Post a Comment

Popular posts from this blog

The Silver Coin

"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്. പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്. ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എ...

The Day before Vacation

കുറെ നാളുകൾ ആയി അവളോട് ഒരു വാക്ക് സംസാരിക്കാൻ ശ്രമിക്കുന്നു. എപ്പോഴും മനസ്സിൽ ഒരു പേടി. എന്നെ കാണുമ്പോൾ അവളുടെ മുഖത്ത് പ്രകടമായ കണ്ടുകൊണ്ടിരുന്ന ആ ചെറു പുഞ്ചിരി എന്നോടുള്ള വെറുപ്പായി മാറുമോ എന്ന്. അന്ന് ഞങ്ങളുടെ സ്കൂളിൽ ഓണാഘോഷം ആയിരുന്നു. സമയം വൈകുന്നേരം നാലു മണിക്ക് ശേഷം. ഉച്ചക്ക് ശേഷം നല്ലൊരു മഴ ഉണ്ടായിരുന്നു. മഴ പൂർണ്ണമായി മാറിയിരുന്നു. ചെറിയ തണുപ്പ് കലർന്ന ഒരു ഇളംകാറ്റിൽ മനസ്സ് ഉന്മേഷം നിറഞ്ഞത് ആയി മാറുന്നു. ഇനി പത്ത് ദിവസത്തേക്ക് ക്ലാസ്സ് ഉണ്ടാവില്ല. എല്ലാവരും സന്തോഷത്തിൽ ആണ്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും. മലയാള തനിമ തോന്നിക്കുന്ന പോലെ വസ്ത്രങ്ങൾ ധരിച്ച് സീനിയർ ചേച്ചിമാർ. മുണ്ടു മടക്കിക്കുത്തി സ്റ്റൈലിൽ നടക്കുന്ന കുറച്ചു ചേട്ടന്മാർ. കൊച്ചു കുട്ടികൾ വീട്ടിൽ പോകാൻ ആയി ബാഗും തൂകി ഓടുന്നു. ഒരു അവധി കാലത്തിന്റെ ആകാംക്ഷയിൽ ആണ് എല്ലാവരും. സ്കൂളിന് മുന്നിൽ വലിയ ഒരു മരം ഉണ്ട്. മഴയെ തുടർന്ന് ഉണ്ടായ കാറ്റ് മൂലം അതിലെ ഇലകൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം അലങ്കരിച്ചിരിക്കുന്നു. പച്ച ഇലകളും പഴുത്ത ഇലകളും. ഒരു പൂക്കളം പോലെ. പൂക്കളത്തിന്റെ ഒത്ത നടുവിൽ നിലവിളക്ക് പോലെ ആ വ...

Lost in Thoughts

The only reason people lost in thoughts is because its unfamiliar territory. - Paul Fix ഞാൻ ഈ ഫോട്ടോ പകർത്തുന്നത് ഏകദേശം ഒരു വർഷം മുമ്പ് ആണ്. ഇദ്ദേഹം ആരാണോ എന്താണെന്നോ എനിക്ക് അറിഞ്ഞു കൂടാ. പക്ഷേ, അയാൾ എവിടെയോ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചിന്തകളിൽ മുഴുകി ഇരിക്കുകയാണ് അയാൾ. ചിന്തകളിൽ നിന്ന് സ്വപ്നങ്ങളിലേക്ക് അയാൾ പോലും അറിയാതെ വഴുതി പോകുന്നു. സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് അയാൾ. ആ വീഥിയിൽ എവിടെയോ അയാൾ ഒറ്റപ്പെടുന്നു. നാമെല്ലാം നമ്മുടെ സ്വപ്നങ്ങളിൽ സഞ്ചരിക്കുമ്പോൾ എവിടെയോ ഒറ്റപ്പെട്ട അവസ്ഥയാണ്. സ്വപ്നങ്ങൾ പൂ വിരിയുന്നത് ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആണ്. അപ്പൊൾ നമ്മൾ നമ്മുടെ പരിസരം മറക്കുന്നു, നാം ആയിരിക്കുന്ന അവസ്ഥ മറക്കുന്നു. ഏതോ ലോകത്തേക്ക് ആഴ്ന്നു ഇറങ്ങി പോകുന്നു. സ്വപ്നങ്ങളിൽ ജീവിക്കാൻ ആണ് പലർക്കും ഇഷ്ടം. അവിടെ നമ്മൾ തനിയെ ആണ്. നമ്മൾ ആഗ്രഹിക്കുന്നതും, നമ്മൾ തുറന്നു സംസാരിക്കുന്നതും അവിടെയാണ്. വീടും നാടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ നിലനിൽപിനായി ജീവിക്കുമ്പോൾ സ്വപ്നങ്ങളും ചിന്തകളും ആണ് നമ്മളെ പിടിച്ചു നിർത...