Skip to main content

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു.

പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു. 

"സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ"

കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി. 

ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ രണ്ടു പേരും തനിച്ചാണ്. ഇൗ വീട് അനാഥമായി. വീർപ്പുമുട്ടൽ ആണ് ഇതിനു ഉള്ളിൽ ഇരിക്കുമ്പോൾ. സ്റ്റേഷനിൽ നിന്ന് വന്നാൽ പിന്നെ മനസ്സ് ഒട്ടും സ്വസ്ഥമല്ല. മാനസികമായും തളർന്ന ഒരു അവസ്ഥയിൽ ആണ്. അപ്പോ പിന്നെ മമ്മി എന്ത് മാത്രം തളർന്നു കാണും എന്ന് എനിക്ക് മനസ്സിലായി. 

"ജേക്കബേ..." ഹാളിൽ നിന്നും മമ്മി വിളിച്ചു. സാരി ആണ് വേഷം. ഒരു കണ്ണാടി ഉണ്ട്. മുഖത്ത് അവിടെ ഇവിടെ ചെറിയ പൗഡറിന്റെ തരികൾ. അടുത്തേക്ക് ചെന്ന് കയ്യിൽ ഉള്ള ടവ്വൽ മേടിച്ചു മുഖത്തെ പൗഡറിന്റെ തരികൾ തുടച്ചു മാറ്റി.

ഞായറാഴ്ച രാവിലെ കുർബാനക്ക് പോകുമ്പോൾ ചോദിക്കും "ജേക്കബേ, മുഖത്ത് പൗഡർ ഒരുപാട് ഉണ്ടോ". കൊച്ചു കുട്ടികളെ ഒരുക്കി കൊണ്ടുപോകുന്ന പോലത്തെ ഒരു കാഴ്ച ആണ് അത്.

വീട് പൂട്ടി പുറത്തേക്ക് ഇറങ്ങി. നടകൾ ഓരോന്നായി എണ്ണി മമ്മി പുറകെ വന്നു. എടുത്തുവെച്ചിരുന്ന ബാഗ് ഞാൻ കയ്യിൽ എടുത്തു. 

"ജേക്കബേ, ഇതെന്ന ബാഗിൽ...?" എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ മമ്മി ചോദിച്ചു. "കുറച്ചു തുണികളാ" അലസതയുടെ ഞാൻ മറുപടി പറഞ്ഞു. 

ഞാനും ദിവ്യയും ഒരുപാട് ആഗ്രഹിച്ചു മേടിച്ച ബുള്ളറ്റ് ആണ്. അവളുടെ ഓർമകൾ തിരിച്ചു വരും, ഓരോ തവണയും ഞാൻ ഇൗ ബുള്ളറ്റിൻ യാത്ര ചെയ്യാൻ തുടങ്ങുമ്പോൾ. ബാഗ് മുന്നിൽ വെച്ച് ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. തോളിൽ കൈ അമർത്തി പിടിച്ചു മമ്മി പിടിച്ചു കയറി. 

"നമ്മൾ എങ്ങോട്ടേക്ക പോകുന്നേ" ഒരു പേരിന് എന്നവണ്ണം ചോദിച്ചു. ഞാൻ നിശബ്ദം ആയി ഇരുന്നതേ ഉള്ളൂ.

ഒരുപാട് നാളുകൾക്ക് ശേഷം ആണ് മമ്മിയും ഞാനും ബുള്ളറ്റിൻ യാത്ര ചെയ്യുന്നത്. ദിവ്യയും മമ്മിയും കൂടിയാണ് സാധാരണ സർകീട്ട് മുഴുവൻ.

കണ്ണാടിയിൽ കൂടി ഞാൻ മമ്മിയെ നോക്കി. കാഴ്ച്ചകൾ കണ്ട് ഇരിക്കുകയാണ്. ഒരു ഇടവഴിയിലൂടെ ഞാൻ തിരിഞ്ഞ് കയറി. പുറത്ത് ഒരു ബോർഡ് വച്ചിട്ടുണ്ട്.

"Nest - Orphanage & Old Age Home"

ഒരു ചെറിയ കെട്ടിടം. മുൻവശത്ത് ചെറിയ പാർക്കിൽ കുട്ടികൾ കളിക്കുന്നു. കുറച്ചു പ്രായമായ അമ്മമാർ അവിടെ ഇരുന്നു കഥ പറയുന്നു. കുറച്ചു അപ്പച്ചന്മാർ മുറ്റത്ത് കൂടി നടക്കുന്നു. ചിലർ ചെടികൾ നനക്കുന്ന തിരക്കിൽ ആണ്.

മമ്മിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ആ കെട്ടിടത്തിന്റെ പടികൾ ചവിട്ടി കയറി. മറ്റേ കയ്യിൽ ബാഗും. മമ്മിയുടെ മുഖത്ത് ഒരു പേടി എനിക്ക് അനുഭവപ്പെട്ടു. ഒരു ആശ്വാസ വാക്ക് എന്നപോലെ ഞാൻ പറഞ്ഞു, "പേടിക്കണ്ട മമ്മി, വാ...". പണ്ട് സ്കൂളിൽ ചേർക്കുവാൻ ഒരു കയ്യിൽ എന്നെയും വലിച്ചു മറ്റേ കയ്യിൽ ബാഗും പിടിച്ചു സ്കൂളിന്റെ പടി കയറി പോകുന്നത് മമ്മിയുടെ ഭാവനയിൽ വന്നു കാണും എന്ന് എനിക്ക് തോന്നി. ഞാൻ അവിടെ നിന്നു. ബാഗ് താഴേക്ക് വെച്ചു. കവിളുകളിൽ കൈകൾ വെച്ച് കൊണ്ട് കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു, ഒരു ചെറു ചിരിയോടെ "പേടിക്കുന്ന പോലെ ഒന്നുമില്ല". ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി. മുഖം നിശ്ചലം ആയിരുന്നു. അതോടൊപ്പം ഒരു ഭയവും. എങ്ങനെ സമാധാനിപ്പിക്കാൻ ആണെന്ന് എനിക്കും അറിഞ്ഞുകൂട. എന്റെ ഉള്ളും വിങ്ങി. നിറഞ്ഞു നിൽക്കുന്ന പോലെ ഒരു അവസ്ഥ.

"സിസ്റ്റർ". 

"ജേക്കബ്, രാവിലെ വരും എന്ന് പറഞ്ഞിട്ട്, എന്താ ഇത്ര വൈകിയേ, വരു ഇരിക്കൂ"

"സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോൾ ഇച്ചിരി വൈകി"

"അമ്മ ആണല്ലേ" ചിരിച്ച പ്രസന്നമായ മുഖത്തോടെ സിസ്റ്റർ മമ്മിയെ നോക്കി. മമ്മി തിരിച്ചു പ്രതികരിച്ചില്ല. നോക്കുമ്പോൾ ആ നിശ്ശബ്ദത ശരിക്കും അനുഭവപ്പെട്ടു.

സിസ്റ്റർ തുടർന്നു "അമ്മയോട് കാര്യം പറഞ്ഞോ"

"ഇല്ല സിസ്റ്റർ" അപ്പോഴും മമ്മി എന്നെ നോക്കി കൊണ്ട് നിന്നു.

"മേര്യമ്മേ..." സിസ്റ്റർ കുറച്ചു ശബ്ദം ഉയർത്തി വിളിച്ചു. അതിനു ശേഷം തുടർന്നു "മെൽവിനേ വിളിച്ചോണ്ട് വാ"

മേര്യമ്മ മെൽവിനേയും കൂട്ടി വന്നു. കുട്ടി നിക്കറും കുഞ്ഞി ഷർട്ടും ഇട്ടു ഒരു പയ്യൻ. കണ്ടാൽ ഒരു അഞ്ച് വയസ്സ് പ്രായം. അവൻ കൊഞ്ചിക്കൊണ്ട് സിസ്റ്ററിന് മുന്നിലേക്ക് ഓടി. മമ്മി അതൊന്നും ശ്രദ്ധിച്ചില്ല. നിശ്ചലം ആയി തന്നെ ഇരുന്നു. 

ആ കൊച്ചിനെയും ചേർത്ത് പിടിച്ചു കൊണ്ട് സിസ്റ്റർ തുടർന്നു "അമ്മേ..."

മമ്മി പെട്ടന്ന് ഞെട്ടി എണീറ്റു. മുഖം സിസ്റ്റർക്ക് നേരെ തിരിച്ചു. 

"ഇത് മെൽവിൻ. എല്ലാവർക്കും ഇവനെ നല്ല കാര്യമാണ്. ജേക്കബ് ഇതിനു മുമ്പ് ഇവിടെ വന്നിട്ട് ഉണ്ട്. ജേക്കബിനെ എനിക്ക് അറിയാം. ദിവ്യ പോയത് മുതൽ ജേക്കബ് ആകെ തളർന്ന് ഇരികുവാണ്. മെൽവിനെ മകൻ ആയി സ്വീകരിക്കാം എന്ന് ജേക്കബ് എടുത്ത തീരുമാനം ആണ്. ആ തീരുമാനം ശരിയാണ് എന്ന് എനിക്ക് അഭിപ്രായം ഉണ്ട്. അമ്മയുടെ സമ്മതം മാത്രമേ ജേക്കബിന്‌ വേണ്ടതുള്ളു."

പറഞ്ഞു തീർക്കും മുമ്പ് മമ്മി ഇരുന്ന കസേരയിൽ പിടിച്ചു എഴുന്നേറ്റു. കണ്ണുകൾ കലങ്ങി ഇരുന്നു. കണ്ണ് നിറഞ്ഞു ഇരിക്കുന്നതായി കണ്ടു. എന്റെ ഹൃദയം വിങ്ങി തുടങ്ങി. കസേരയിൽ പിടിച്ചു എണീറ്റപ്പോൾ മമ്മി ചെറുതായി വീഴാൻ തുടങ്ങി. കൈകളിൽ പിടിച്ച് ഞാൻ താങ്ങി. കസേര പുറകിലേക്ക് മറിഞ്ഞു. മമ്മിയുടെ കണ്ണിൽ നിന്ന് കണ്ണീർ തുള്ളികൾ പൊഴിഞ്ഞു. തമ്മിൽ കണ്ണുകൾ കൊണ്ട് സംസാരിച്ചു. കണ്ണുനീർ കൊണ്ട് മമ്മിയുടെ സമ്മതം അറിയിച്ചു. 

മെൽവിനെ എന്റെ അടുത്തേക്ക് വിളിച്ചു. അവൻ ആദ്യം ഒന്ന് മടിച്ചു. സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി. ഒരു അനുവാദം ചോദിക്കുന്ന പോലെ. സിസ്റ്റർ അവന് അനുവാദം കൊടുത്തു. അവൻ മേശയിൽ കൂടി പിടിച്ചു പിടിച്ചു നാണിച്ചു വന്നു. അവനെ ചേർത്ത് പിടിച്ചു. അവനെ എന്റെ കൈകളിൽ എടുത്തു. അവനെ ചേർത്ത് പിടിച്ചു. അവൻ ഒരു കൗതുകം എന്ന പോലെ എന്റെ മീശയിൽ കുഞ്ഞിക്കൈകൾ കൊണ്ട് തൊട്ടു. അവന് എന്തെന്നില്ലാത്ത ഒരു സന്തോഷം. അവൻ പൊട്ടിച്ചിരിച്ചു. അവന്റെ ചിരിയിൽ ഞങ്ങൾ കൂടി. മമ്മി ഞങ്ങളെ രണ്ടു പേരെയും ചേർത്ത് പിടിച്ചു. സന്തോഷത്തിന്റെ നിമിഷങ്ങൾ.

ഇറങ്ങുവാനായി ഞങ്ങൾ തുടങ്ങി. സിസ്റ്റർക്ക്‌ നേരെ ബാഗ് നീട്ടി. 

"സിസ്റ്റർ, ഇത് കുറച്ചു പുതിയ ഡ്രസ്സ് ആണ്, സിസ്റ്റർ തന്നെ കൊടുത്തോ പിള്ളേർക്ക്"

സന്തോഷത്തോടെ സിസ്റ്റർ അത് സ്വീകരിച്ചു. 

മെൽവിൻ ബുള്ളറ്റിന്റെ മുന്നിൽ കേറി ഇരിപ്പ് ഉറപ്പിച്ചു. മമ്മി എന്റെ തോളിൽ കൈ പിടിച്ചു ഇരുന്നു. ഞങ്ങൾ വീട്ടിലേക്ക് യാത്രയായി. കണ്ണാടിയിലൂടെ ഞാൻ നോക്കി. സിസ്റ്റർ അപ്പോഴും ആ പടി വാതിലിൽ നിന്ന് ഞങ്ങളെ നോക്കി നിൽക്കുന്നു. പണ്ട് എപ്പോഴോ ഇത് പോലെ ഒരു യാത്ര ആഗ്രഹിച്ച ഒരു കുട്ടി നോക്കും പോലെ.

Comments

  1. Wow. I experienced something lyk watching a big feel good movie, but see how short it is!

    ReplyDelete
  2. Surprising...The last sentence means a lot..Engaging,intriguing and more overe exactly to the point.. brilliant job brother...All the very best❣️

    ReplyDelete
  3. ഉഷാറ് ക്രാഫ്റ്റിന്റെ കളി..bro😍😍😍😘

    ReplyDelete

Post a Comment

Popular posts from this blog

The Silver Coin

"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്. പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്. ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എ...

The Day before Vacation

കുറെ നാളുകൾ ആയി അവളോട് ഒരു വാക്ക് സംസാരിക്കാൻ ശ്രമിക്കുന്നു. എപ്പോഴും മനസ്സിൽ ഒരു പേടി. എന്നെ കാണുമ്പോൾ അവളുടെ മുഖത്ത് പ്രകടമായ കണ്ടുകൊണ്ടിരുന്ന ആ ചെറു പുഞ്ചിരി എന്നോടുള്ള വെറുപ്പായി മാറുമോ എന്ന്. അന്ന് ഞങ്ങളുടെ സ്കൂളിൽ ഓണാഘോഷം ആയിരുന്നു. സമയം വൈകുന്നേരം നാലു മണിക്ക് ശേഷം. ഉച്ചക്ക് ശേഷം നല്ലൊരു മഴ ഉണ്ടായിരുന്നു. മഴ പൂർണ്ണമായി മാറിയിരുന്നു. ചെറിയ തണുപ്പ് കലർന്ന ഒരു ഇളംകാറ്റിൽ മനസ്സ് ഉന്മേഷം നിറഞ്ഞത് ആയി മാറുന്നു. ഇനി പത്ത് ദിവസത്തേക്ക് ക്ലാസ്സ് ഉണ്ടാവില്ല. എല്ലാവരും സന്തോഷത്തിൽ ആണ്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും. മലയാള തനിമ തോന്നിക്കുന്ന പോലെ വസ്ത്രങ്ങൾ ധരിച്ച് സീനിയർ ചേച്ചിമാർ. മുണ്ടു മടക്കിക്കുത്തി സ്റ്റൈലിൽ നടക്കുന്ന കുറച്ചു ചേട്ടന്മാർ. കൊച്ചു കുട്ടികൾ വീട്ടിൽ പോകാൻ ആയി ബാഗും തൂകി ഓടുന്നു. ഒരു അവധി കാലത്തിന്റെ ആകാംക്ഷയിൽ ആണ് എല്ലാവരും. സ്കൂളിന് മുന്നിൽ വലിയ ഒരു മരം ഉണ്ട്. മഴയെ തുടർന്ന് ഉണ്ടായ കാറ്റ് മൂലം അതിലെ ഇലകൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം അലങ്കരിച്ചിരിക്കുന്നു. പച്ച ഇലകളും പഴുത്ത ഇലകളും. ഒരു പൂക്കളം പോലെ. പൂക്കളത്തിന്റെ ഒത്ത നടുവിൽ നിലവിളക്ക് പോലെ ആ വ...

Lost in Thoughts

The only reason people lost in thoughts is because its unfamiliar territory. - Paul Fix ഞാൻ ഈ ഫോട്ടോ പകർത്തുന്നത് ഏകദേശം ഒരു വർഷം മുമ്പ് ആണ്. ഇദ്ദേഹം ആരാണോ എന്താണെന്നോ എനിക്ക് അറിഞ്ഞു കൂടാ. പക്ഷേ, അയാൾ എവിടെയോ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചിന്തകളിൽ മുഴുകി ഇരിക്കുകയാണ് അയാൾ. ചിന്തകളിൽ നിന്ന് സ്വപ്നങ്ങളിലേക്ക് അയാൾ പോലും അറിയാതെ വഴുതി പോകുന്നു. സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് അയാൾ. ആ വീഥിയിൽ എവിടെയോ അയാൾ ഒറ്റപ്പെടുന്നു. നാമെല്ലാം നമ്മുടെ സ്വപ്നങ്ങളിൽ സഞ്ചരിക്കുമ്പോൾ എവിടെയോ ഒറ്റപ്പെട്ട അവസ്ഥയാണ്. സ്വപ്നങ്ങൾ പൂ വിരിയുന്നത് ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആണ്. അപ്പൊൾ നമ്മൾ നമ്മുടെ പരിസരം മറക്കുന്നു, നാം ആയിരിക്കുന്ന അവസ്ഥ മറക്കുന്നു. ഏതോ ലോകത്തേക്ക് ആഴ്ന്നു ഇറങ്ങി പോകുന്നു. സ്വപ്നങ്ങളിൽ ജീവിക്കാൻ ആണ് പലർക്കും ഇഷ്ടം. അവിടെ നമ്മൾ തനിയെ ആണ്. നമ്മൾ ആഗ്രഹിക്കുന്നതും, നമ്മൾ തുറന്നു സംസാരിക്കുന്നതും അവിടെയാണ്. വീടും നാടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ നിലനിൽപിനായി ജീവിക്കുമ്പോൾ സ്വപ്നങ്ങളും ചിന്തകളും ആണ് നമ്മളെ പിടിച്ചു നിർത...